ദൈവകരുണയിലേക്ക് പരിപൂർണ്ണമായി ശരണപ്പെടാതെ ലോകത്തിന് സമാധാനം അനുഭവിക്കാൻ സാധ്യമല്ല.
വി. ജോൺ പോൾ രണ്ടാമൻ പാപ്പാ
ക്രിസ്തുവിൽ സ്നേഹം നിറഞ്ഞ സഹോദരി സഹോദരന്മാരെ, നമ്മുടെ അനുദിന ജീവിതത്തിലും അടഞ്ഞ വാതിലുകളുടെ പിന്നിൽ ജീവിക്കുന്നതിന്റെ അനുഭവം ഉണ്ടാകാറുണ്ട്. നാം വാതിലുകൾ അടക്കുന്നത് ചിലപ്പോൾ ഭയം കൊണ്ടാകാം, കുറ്റബോധം കൊണ്ടായിരിക്കാം, അല്ലെങ്കിൽ നിരാശ കൊണ്ടായിരിക്കാം. ഇന്നത്തെ സുവിശേഷം ആരംഭിക്കുന്നതും ഒരു അടഞ്ഞ വാതിലിന് പിന്നിൽ നിന്നാണ്. ഈശോയുടെ മരണശേഷം ശിഷ്യന്മാർ അടഞ്ഞ വാതിലിന് പിന്നിൽ ഭയന്നിരിക്കുകയാണ്. കുരിശുമരണം അവരുടെ ധൈര്യം കെടുത്തിയിരുന്നു ഭയം അവരെ പിടികൂടിയിരുന്നു ആ ഭയത്തിലേക്കാണ് ഉയർത്തെഴുന്നേറ്റ കർത്താവ് കടന്നുവരുന്നത്. അവിടുന്ന് അവരോട് ചോദ്യങ്ങൾ ചോദിക്കുന്നില്ല, അവരെ കുറ്റപ്പെടുത്തുന്നില്ല, പകരം അവിടുന്ന് കരുണയോടെ ‘നിങ്ങൾക്ക് സമാധാനം‘ എന്നു പറഞ്ഞു സംസാരിച്ചു തുടങ്ങുന്നു. ഇതാണ് ദൈവ കരുണയുടെ ഞായറിന്റെ കാതൽ. ഉയർപ്പ് എന്നത് ഈശോ മരണത്തെ ജയിച്ചു എന്നതിന് തെളിവ് മാത്രമല്ല, ദൈവത്തിൻറെ കരുണ പാപത്തെക്കാളും ഭയത്തെകാളും മരണത്തെക്കാളും ശക്തമാണ് എന്നതിൻറെ വലിയ വെളിപ്പെടുത്തൽ കൂടിയാണ്. അതിനാലാണ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ഈ ഞായറാഴ്ചയെ, ഈസ്റ്റർ തന്നെ കരുണയുടെ വലിയ തിരുനാൾ ആണെന്ന് ഓരോ വിശ്വാസിയും മനസ്സിലാക്കാൻ വേണ്ടി, കരുണയുടെ ഞായറാഴ്ച ആയി തിരുസഭയ്ക്ക് നൽകിയത്. ദൈവകരുണയിലേക്ക് പരിപൂർണ്ണമായി ശരണപ്പെടാതെ ലോകത്തിന് സമാധാനം അനുഭവിക്കാൻ സാധ്യമല്ല എന്നാണ് അദ്ദേഹം പറയുന്നത്. ഈ ദിനത്തിൽ ലോകം ദൈവ കരുണയിൽ പരിപൂർണ്ണമായി ആശ്രയിക്കുവാൻ വേണ്ട കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം.
ഇന്നും നമ്മുടെ ഹൃദയത്തിൻറെ വാതിലുകൾ ഭാവിയെക്കുറിച്ചുള്ള ഭയം മൂലം, നാം അനുഭവിക്കുന്ന വേദനകൾ മൂലം, കുടുംബ ജീവിതത്തിലെ താളപ്പിഴകൾ മൂലം പാപത്തിന്റെ ഭാരം മൂലം അടഞ്ഞുകിടക്കുന്നുണ്ടാവാം. നമ്മുടെ ഓരോ അടഞ്ഞ ഹൃദയത്തിലേക്ക് ഈശോ ഇന്നും കടന്നുവരുന്നുവെന്ന് ഈ ദിനം നമുക്ക് പ്രത്യാശ നൽകുന്നു. ഓർമ്മിക്കുക അവിടുത്തെ കരുണയ്ക്ക് കടന്നു വരുവാൻ കഴിയാത്തത്ര ശക്തമായി അടയ്ക്കപ്പെട്ട ഒരു വാതിലും ഇല്ല.
ശിഷ്യരുടെ നടുവിൽ എത്തിയ കർത്താവ് അവരുടെ മേൽ നിശ്വസിച്ചു കൊണ്ട്കൊണ്ട് പറയുന്നു “നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ.” കുരിശിൽ നിന്ന് ഒഴുകിയ ദൈവ കരുണ ഇപ്പോൾ പാപമോചനത്തിലൂടെ സഭയുടെ ജീവനായി മാറുന്നു. ഓരോ കുമ്പസാരവും ഈ സുവിശേഷത്തിന്റെ ആവർത്തനമാണ് ഉയർത്തെഴുന്നേറ്റ അതേ ഈശോ നമ്മുടെ മുമ്പിൽ നിന്നുകൊണ്ട് പറയുന്നു സമാധാനം .. നിൻറെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു… വീണ്ടും തുടങ്ങുക.
ഇതിനോട് കൂട്ടി വായിക്കാവുന്നതാണ് ഇന്നത്തെ രണ്ടാമത്തെ വായന. വിശുദ്ധ പത്രോസ് അപ്പോസ്തലൻ പറയുന്നു, “അവിടുന്നു തന്‍റെ കാരുണ്യാതിരേകത്താല്‍ യേശുക്രിസ്തുവിന്‍റെ, മരിച്ചവരില്‍ നിന്നുള്ള ഉത്ഥാനംവഴി സജീവമായ പ്രത്യാശയിലേക്കും നിങ്ങള്‍ക്കായി സ്വര്‍ഗത്തില്‍ കാത്തുസൂക്ഷിക്കപ്പെടുന്ന അക്ഷയവും കളങ്കരഹിതവും ഒളിമങ്ങാത്തതുമായ അവകാശത്തിലേക്കും നമ്മെ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.” (1 പത്രോസ് 1 : 4 ) ഈ വചനം ശ്രദ്ധിക്കുക സജീവമായ പ്രത്യാശ , ക്രിസ്തീയ പ്രത്യാശ സജീവമാണ്, കാരണം ദൈവ കരുണ സജീവമാണ്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ ദൈവത്തിൻറെ കരുണ നമ്മെ തനിച്ചാക്കുന്നില്ല മുന്നോട്ടു പോകാനുള്ള ശക്തി അത് നമുക്ക് നൽകുന്നു.
ഇന്നത്തെ സുവിശേഷത്തിൽ നാം തോമസ് അപ്പോസ്തലനെ കാണുന്നുണ്ട്, പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഏതൊരു വ്യക്തിയുടെയും പ്രതിനിധിയാണ് തോമസ് അപ്പോസ്തലൻ. നാം വിശ്വാസിയായിരിക്കുമ്പോഴും, പ്രാർത്ഥിക്കുമ്പോഴും, സംശയം നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരാറുണ്ട്. തോമസ് അപ്പോസ്തലന്റെ സംശയം അകറ്റുവാൻ കർത്താവ് വീണ്ടും കടന്നു വരുന്നു അതാണ് ദൈവ കരുണ, ബുദ്ധിമുട്ടുന്ന തൻറെ ശിഷ്യനെ കർത്താവ് ഒരിക്കലും ഉപേക്ഷിക്കുന്നില്ല അവിടുന്ന് പറയുന്നു അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക. (യോഹന്നാന്‍ 20 : 27 ) ഇതൊരു കടുത്ത ശാസന അല്ല മറിച്ച് , സ്നേഹം നിറഞ്ഞ ക്ഷണമാണ്.
ദൈവകരണയുടെ ഞായർ നൽകുന്ന സന്ദേശം വളരെ ലളിതമാണ് ഈശോയെ ഞാൻ അങ്ങിൽ ശരണപ്പെടുന്നു. ശരണപ്പെടുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എല്ലാം മനസ്സിലാക്കുക എന്നല്ല നമ്മുടെ ആശയക്കുഴപ്പങ്ങളെ പോലും അവിടുത്തെ മുറിവേറ്റ കരങ്ങളിൽ പൂർണമായി ഏൽപ്പിക്കുക എന്നാണ് അതിനർത്ഥം. തോമസ് അപ്പസ്തോലനെ പോലെ എൻറെ കർത്താവിൻറെ ദൈവമേ എന്ന് ഏറ്റുപറയുവാൻ നമ്മെ ഒരുക്കുവാനാണ് ദൈവകരണ ആഗ്രഹിക്കുന്നത്.
ഈ ദൈവ കരുണയുടെ ഞായറാഴ്ച ആഘോഷിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ ചില പ്രായോഗിക കാര്യങ്ങൾ പകർത്തുവാൻ പരിശ്രമിക്കാം.
- എൻറെ ഹൃദയത്തിൽ പാപബോധം ഉണ്ടാകുമ്പോൾ ഉടൻതന്നെ കുമ്പസാരിക്കാൻ പരിശ്രമിക്കും.
- ഭയം എന്നെ വേട്ടയാടുമ്പോൾ ഈശോയെ ഞാൻ അങ്ങിൽ ശരണപ്പെടുന്നു എന്ന് പ്രാർത്ഥിക്കാൻ പരിശ്രമിക്കും.
- എന്നെ വേദനിപ്പിച്ചവരോട് ക്ഷമിക്കുവാൻ ഞാൻ മുൻകൈയെടുക്കും.
- എനിക്ക് ലഭിച്ച കാരുണ്യം ചുറ്റുമുള്ളവരുമായി പങ്കുവയ്ക്കുവാൻ ഞാൻ തയ്യാറാകും.
അങ്ങനെ ഈ കരുണയുടെ തിരുനാൾ കേവലം ഒരു ആഘോഷം എന്നതിനേക്കാൾ ഉപരി കൃപയുടെ ഒരു ദിനം ആക്കി ഞാൻ മാറ്റും.
ഉയർത്തെഴുന്നേറ്റ കർത്താവ് നമ്മുടെ അടഞ്ഞ ഹൃദയങ്ങളിലേക്ക് വീണ്ടും കടന്നുവന്നു നിങ്ങൾക്ക് സമാധാനം എന്നു പറയുമ്പോൾ വിശ്വാസത്തോടെ ഏറ്റുപറയുവാൻ സാധിക്കട്ടെ, ഈശോയെ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


Leave a comment