ഏശയ്യാ 25:6–10a; ഫിലിപ്പിയർ 4:12–14, 19–20; മത്തായി 22:1–14
—
ദൈവരാജ്യം – ഒരു വിവാഹവിരുന്ന്
ബൈബിളിലുടനീളം നിത്യജീവനെ വിശേഷിപ്പിക്കാൻ മനോഹരമായ ഒരു ചിത്രമാണ് ദൈവവചനം ഉപയോഗിക്കുന്നത് — ഒരു വിവാഹവിരുന്ന്.
എന്തുകൊണ്ടാണ് വിശുദ്ധ ഗ്രന്ഥം വിരുന്നിന്റെ ഈ ചിത്രം തിരഞ്ഞെടുക്കുന്നത്?
കാരണം, വിരുന്ന് എന്ന് പറയുമ്പോൾ അത് കേവലം കുറച്ച് ഭക്ഷണവും പാനീയവും മാത്രമല്ലല്ലോ. അത് സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും വലിയൊരു ആഘോഷമാണ്. ഒരു വിവാഹവിരുന്ന് പുതിയൊരു ബന്ധത്തിന്റെയും പുതിയൊരു തുടക്കത്തിന്റെയും പ്രതീകമാണ്.
നമുക്കെല്ലാം നന്നായി അറിയാവുന്ന ഈ ലളിതമായ അനുഭവത്തിലൂടെ, അതിലും വലിയൊരു ആത്മീയ സത്യമാണ് ദൈവം നമ്മോട് പറയുന്നത്: മനുഷ്യരാശിയെ തന്നോട് ചേർത്തുനിർത്തി ഒരു നിത്യകൂട്ടായ്മയിലേക്ക് നയിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു.
ഇന്നത്തെ ഒന്നാം വായനയിൽ ഏശയ്യാ പ്രവാചകൻ സകല ജനങ്ങൾക്കുമായി ദൈവം ഒരുക്കുന്ന വലിയൊരു വിരുന്നിനെപ്പറ്റി പറയുന്നുണ്ട്. അന്ന് ദൈവം മരണത്തെ എന്നേക്കുമായി ഇല്ലാതാക്കും; എല്ലാവരുടെയും കണ്ണീർ തുടച്ചുനീക്കും.
ഇത് കേവലം ഐഹികമായ സമൃദ്ധിയുടെ വാഗ്ദാനമല്ല, മറിച്ച് രക്ഷയുടെയും നിത്യജീവന്റെയും ഉറപ്പാണ്.
വെളിപാട് പുസ്തകത്തിൽ ഈ ചിത്രം അതിന്റെ പൂർണ്ണതയിലെത്തുന്നു:
“കുഞ്ഞാടിന്റെ വിവാഹവിരുന്ന് ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ.” (വെളിപാട് 19:9)
ക്രിസ്തു മണവാളനും സഭ അവിടുത്തെ മണവാട്ടിയുമാണ്. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം (CCC 1612) പഠിപ്പിക്കുന്നതുപോലെ, പഴയനിയമത്തിലെ ഉടമ്പടി ക്രിസ്തുവിലൂടെ സ്ഥാപിതമായ പുതിയതും ശാശ്വതവുമായ ഉടമ്പടിക്ക് വഴിയൊരുക്കുകയായിരുന്നു.
അതുകൊണ്ട്, ഒരു രാജാവ് തന്റെ മകനുവേണ്ടി വിവാഹവിരുന്ന് ഒരുക്കുന്ന ഉപമ പറയുമ്പോൾ, ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ ആഴമാണ് യേശു നമുക്ക് കാണിച്ചുതരുന്നത്.
—
ഒന്നാം ക്ഷണം: വിളിക്കപ്പെട്ടു, പക്ഷേ വരാൻ മനസ്സുകാട്ടിയില്ല
തന്റെ മകനുവേണ്ടി വിവാഹവിരുന്ന് ഒരുക്കുന്ന രാജാവിന്റെ ഉപമയോടെയാണ് യേശു തുടങ്ങുന്നത്.
അന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ വിരുന്നിന് ക്ഷണിക്കുന്നത് രണ്ടു ഘട്ടമായിട്ടായിരുന്നു. ആദ്യം ഒരു ക്ഷണം അയക്കും; വിരുന്നൊരുങ്ങി കഴിയുമ്പോൾ അതിഥികളെ കൂട്ടിക്കൊണ്ടുവരാൻ വേലക്കാരെ അയക്കും.
ഈ ഉദാഹരണത്തിലൂടെ യേശു വലിയൊരു ആത്മീയ സത്യം വെളിപ്പെടുത്തുന്നു.
രാജാവ് ക്ഷണിക്കപ്പെട്ടവരെ വിളിക്കാൻ വേലക്കാരെ അയച്ചു. പക്ഷെ അവർ വരാൻ തയ്യാറായില്ല.
എല്ലാം തയ്യാറാണെന്ന് പറഞ്ഞ് വീണ്ടും ആളയച്ചു. അപ്പോഴും അവർ നിരസിച്ചു. ചിലർ തങ്ങളുടെ വയലുകളിലേക്കും കച്ചവടങ്ങളിലേക്കും പോയി. മറ്റു ചിലരാകട്ടെ, ആ വേലക്കാരെ ഉപദ്രവിച്ച് കൊന്നുകളഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച നാം കേട്ട ദുഷ്ടരായ തോട്ടപ്പണിക്കാരുടെ ഉപമയുടെ തുടർച്ചയാണിത്.
ചരിത്രപരമായി നോക്കുമ്പോൾ, ഈ ആദ്യ ക്ഷണം ഇസ്രായേൽ ജനതയുടെ സവിശേഷ വിളിയെയാണ് സൂചിപ്പിക്കുന്നത്. പ്രവാചകന്മാരിലൂടെയും പ്രമാണങ്ങളിലൂടെയും ദൈവം അവരെ ഒരുക്കി. എന്നാൽ യേശു വന്നപ്പോൾ, പ്രത്യേകിച്ച് അന്നത്തെ മതനേതാക്കൾ, അവിടുത്തെ തിരിച്ചറിയാനോ സ്വീകരിക്കാനോ തയ്യാറായില്ല.
എന്നാൽ ഇത് പഴയൊരു കഥയായി കണ്ട് നാം മാറ്റിനിർത്തരുത്. ഈ വിളി ഇന്നും നമ്മെ തേടിയെത്തുന്നുണ്ട്. അന്ന് അവർ കാട്ടിയ അതേ വിമുഖത ഇന്നും നമ്മുടെ ജീവിതത്തിലും ഉണ്ടാകാം.
ശ്രദ്ധിക്കുക, ക്ഷണിക്കപ്പെട്ടവരെല്ലാം രാജാവിനെ പരസ്യമായി ആക്രമിക്കുകയല്ല ചെയ്തത്. അവർ തങ്ങളുടെ സ്വന്തം കാര്യങ്ങളിൽ മുഴുകിപ്പോയി എന്ന് മാത്രം.
ഒരാൾ തന്റെ പറമ്പിലേക്ക് പോയി, മറ്റൊരാൾ കച്ചവടത്തിലേക്ക്.
കൃഷിയോ കച്ചവടമോ തെറ്റായ കാര്യമല്ല. എന്നാൽ ദൈവത്തിന് കൊടുക്കേണ്ട സ്ഥാനം ഈ കൊച്ചു കൊച്ചു കാര്യങ്ങൾക്ക് നാം കൊടുക്കുമ്പോൾ, അത് വലിയൊരു ആത്മീയ അപകടമായി മാറും.
ചിലപ്പോൾ നാം ക്രിസ്തുവിനെ പൂർണ്ണമായി തള്ളിക്കളയുന്നുണ്ടാകില്ല. നാം ദൈവത്തിൽ വിശ്വസിക്കുന്നുണ്ടാകും, സഭയെ ബഹുമാനിക്കുന്നുണ്ടാകും, നല്ല ക്രിസ്ത്യാനികളാണെന്ന് സ്വയം കരുതുന്നുമുണ്ടാകും.
പക്ഷെ, പതുക്കെ പതുക്കെ പ്രാർത്ഥനയ്ക്ക് പ്രാധാന്യമില്ലാതാകുന്നു; ഞായറാഴ്ച ദിവ്യബലി ഒരു ചടങ്ങോ ഓപ്ഷനോ മാത്രമായി മാറുന്നു; സുവിശേഷ അനുസരണം ജീവിതത്തിൽ നിന്ന് പിന്നോട്ട് പോകുന്നു.
ചിലപ്പോൾ വാക്കുകൾ കൊണ്ടല്ല, നമ്മുടെ മുൻഗണനകൾ കൊണ്ടാണ് നാം ദൈവത്തെ നിരസിക്കുന്നത്.
യേശു നമ്മെ ഓർമ്മിപ്പിക്കുന്നു:
> “നിങ്ങൾ ആദ്യം ദൈവരാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുവിൻ.” (മത്തായി 6:33)
ദൈവത്തിന്റെ വിളി പണ്ടെപ്പോഴോ നാം സ്വീകരിച്ച ഒന്നല്ല, അത് അനുദിനം ജീവസ്സുറ്റ രീതിയിൽ പ്രതികരിക്കേണ്ട ഒന്നാണ്.
—
രണ്ടാം ക്ഷണം: ദൈവരാജ്യം എല്ലാവർക്കുമായി തുറന്നിരിക്കുന്നു
ക്ഷണിക്കപ്പെട്ടവർ വരാതിരുന്നപ്പോൾ, രാജാവ് വേലക്കാരെ വഴിയോരങ്ങളിലേക്ക് അയക്കുന്നു. കണ്ടുമുട്ടുന്നവരെയെല്ലാം ക്ഷണിക്കാൻ പറയുന്നു.
സുവിശേഷം പറയുന്നു: അവർ നല്ലവരെയും ചീത്തവരെയും ഒരുപോലെ വിളിച്ചുകൂട്ടി.
ഇതൊരു വലിയ മാറ്റമാണ്! വിരുന്നിൽ പ്രവേശിക്കാൻ യാതൊരു യോഗ്യതയുമില്ലെന്ന് കരുതിയ ആളുകളിലേക്കും ക്ഷണം എത്തുന്നു.
സുവിശേഷത്തിന്റെ സാർവത്രിക ദൗത്യമാണ് നാം ഇവിടെ കാണുന്നത്.
ഇസ്രായേലുമായുള്ള ഉടമ്പടി മറ്റുള്ളവരെ മാറ്റിനിർത്താനായിരുന്നില്ല. ഏശയ്യാ പ്രവാചകന്റെ ദർശനത്തിൽ തന്നെ, വിരുന്ന് സകല ജനതകൾക്കും വേണ്ടിയുള്ളതാണ്.
യേശുവിലൂടെ ദൈവത്തിന്റെ രക്ഷ എല്ലാ മനുഷ്യരിലേക്കും എത്തിച്ചേരുന്നു.
വിശുദ്ധ പൗലോസ് അപ്പോസ്തലൻ പറയുന്നതുപോലെ:
“ഇനി യൂദനെന്നോ ഗ്രീക്കുകാരനെന്നോ ഇല്ല… നിങ്ങളെല്ലാവരും ക്രിസ്തുയേശുവിൽ ഒന്നാണ്.” (ഗലാത്തിയാ 3:28)
ഇതിനർത്ഥം ദൈവം ഇസ്രായേലിനെ ഉപേക്ഷിച്ചു എന്നല്ല (റോമാ 11:29). പകരം, ഇസ്രായേലിലൂടെ നൽകിയ വാഗ്ദാനം ക്രിസ്തുവിലൂടെ ലോകം മുഴുവനിലേക്കും വ്യാപിച്ചു.
ദൈവത്തിന്റെ വിളി ലഭിക്കാൻ മാത്രം അയോഗ്യനായി ആരുമില്ല. എത്ര വലിയ വീഴ്ച വന്നാലും ദൈവത്തിന്റെ കരുണയിൽ നിന്ന് നമ്മെ അകറ്റാനാവില്ല.
പക്ഷെ വിരുന്ന് ഹാൾ നിറഞ്ഞതോടെ ഉപമ തീരുന്നില്ല. യേശു രണ്ടാമതൊരു ഗൗരവമുള്ള രംഗം കൂടി ഇതിലേക്ക് ചേർക്കുന്നുണ്ട്.
—
വിവാഹവസ്ത്രം: ക്ഷണം സ്വീകരിച്ചാൽ മാത്രം പോരാ, ജീവിതം രൂപാന്തരപ്പെടണം
രാജാവ് വിരുന്ന് ഹാളിലേക്ക് വരുമ്പോൾ, കല്യാണവസ്ത്രം ധരിക്കാത്ത ഒരാളെ കാണുന്നു.
അവൻ ചോദിക്കുന്നു:
> “സ്നേഹിതാ, വിവാഹവസ്ത്രമില്ലാതെ നീ എങ്ങനെ ഇവിടെ കയറി?” (മത്തായി 22:12)
ആ മനുഷ്യന് മറുപടിയില്ലായിരുന്നു.
വഴിയോരത്ത് നിന്ന് പെട്ടെന്ന് വിളിച്ചുകൊണ്ടുവന്ന ആളുകളോട് രാജാവ് വസ്ത്രത്തെക്കുറിച്ച് ചോദിക്കുന്നത് കഠിനമായി തോന്നാം. പക്ഷെ, യേശു ഇവിടെ ബാഹ്യമായ വസ്ത്രധാരണത്തെയോ ലൗകിക ആചാരങ്ങളെയോ കുറിച്ചല്ല സംസാരിക്കുന്നത്.
ദൈവത്തിന്റെ വിളി സ്വീകരിക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ടാകേണ്ട മാറ്റത്തെയാണ് ഈ ‘ വിവാഹവസ്ത്രം’ സൂചിപ്പിക്കുന്നത്.
വിശുദ്ധ പൗലോസ് അപ്പോസ്തലൻ എഴുതുന്നു:
> “ക്രിസ്തുവിനോട് ഐക്യപ്പെടാൻ ജ്ഞാനസ്നാനം സ്വീകരിച്ച നിങ്ങളെല്ലാവരും ക്രിസ്തുവിനെ അണിഞ്ഞിരിക്കുന്നു.” (ഗലാത്തിയാ 3:27)
വീണ്ടും അവിടുന്ന് പറയുന്നു:
“കർത്താവായ യേശുക്രിസ്തുവിനെ അണിയുവിൻ.” (റോമാ 13:14)
വെളിപാട് 19:8-ൽ, കുഞ്ഞാടിന്റെ മണവാട്ടി ശുഭ്രമായ വസ്ത്രമണിഞ്ഞിരിക്കുന്നു; അത് ദൈവജനത്തിന്റെ നീതിപ്രവൃത്തികളാണ്. ഈ വസ്ത്രം ദൈവത്തിന്റെ ദാനമാണ്; നമ്മുടെ വിശുദ്ധി ദൈവകൃപയിൽ അധിഷ്ഠിതമാണെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു.
ഇത് നമ്മെ ഞാൻ സ്നാനത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്നു.
ജ്ഞാനസ്നാന സമയത്ത് നാം വെളുത്ത വസ്ത്രം അണിയുന്നത്, ക്രിസ്തുവിൽ പുതിയൊരു സൃഷ്ടിയായി മാറി എന്നതിന്റെ അടയാളമാണ്.
നാം ക്രിസ്തുവിനെ അണിഞ്ഞിരിക്കുന്നു.
നമുക്ക് പുതിയ ജീവൻ ലഭിച്ചിരിക്കുന്നു.
പക്ഷെ ജ്ഞാനസ്നാനം ആത്മീയ ജീവിതത്തിന്റെ അവസാനമല്ല, അവിടുത്തെ അനുഗമിക്കാനുള്ള തുടക്കമാണ്.
ദൈവകൃപയോട് നാം സ്വതന്ത്രമായി സഹകരിക്കണമെന്ന് കത്തോലിക്കാ സഭയുടെ മതബോധനം (CCC 1993) നമ്മെ ഓർമ്മിപ്പിക്കുന്നു.
നമ്മുടെ സ്വന്തം കഴിവ് കൊണ്ട് ദൈവത്തിന്റെ വിളി നേടിയെടുക്കാനാവില്ല; ദൈവകൃപയില്ലാതെ സ്വയം രക്ഷപ്പെടാനും കഴിയില്ല. എന്നാൽ ദൈവകൃപ സ്വീകരിച്ചിട്ട്, ജീവിതത്തെ രൂപാന്തരപ്പെടുത്താൻ അനുവദിക്കാതെ ഇരിക്കുന്നത് വലിയ തെറ്റാണ്.
ക്ഷണം സൗജന്യമാണ്, പക്ഷെ അത് നമ്മുടെ ജീവിതത്തെ മാറ്റണം.
സ്നേഹം, ക്ഷമ, നീതി, എളിമ, കാരുണ്യം എന്നിവയിലൂടെയാണ് ഈ ‘വിവാഹവസ്ത്രം’ നമ്മുടെ ജീവിതത്തിൽ തെളിയേണ്ടത്.
—
നമ്മുടെ ആത്മീയ ജീവിതത്തിലെ രണ്ട് അപകടങ്ങൾ
ഇപ്പോൾ ഉപമയുടെ രണ്ടു ഭാഗങ്ങളും തമ്മിലുള്ള ആഴമേറിയ ബന്ധം നമുക്ക് മനസ്സിലാകും.
ആദ്യത്തെക്കൂട്ടർ വിളി കിട്ടിയിട്ടും വന്നില്ല.
രണ്ടാമത്തെയാൾ വന്നു, പക്ഷെ വിരുന്നിന്റെ യോഗ്യതയ്ക്കനുസരിച്ച് മാറാൻ കൂട്ടാക്കിയില്ല.
ഇവ രണ്ടും ഇന്ന് നാം നേരിടുന്ന രണ്ട് വലിയ ആത്മീയ അപകടങ്ങളാണ്.
**ഒന്ന്: ദൈവത്തിന്റെ വിളിയെ അവഗണിക്കുക.**
ദൈവത്തിന്റെ വിളി അറിയാമെങ്കിലും ജോലിക്കും ആഗ്രഹങ്ങൾക്കും മറ്റ് തിരക്കുകൾക്കും നാം മുൻഗണന നൽകുന്നു.
**രണ്ട്: പുറമെ ദൈവത്തിന്റെ വിളി സ്വീകരിക്കുക, പക്ഷെ മനസ്സ് മാറാൻ അനുവദിക്കാതിരിക്കുക.**
ജ്ഞാനസ്നാനം സ്വീകരിച്ചു, വിശുദ്ധ കുർബാനയിൽ പങ്കെടുത്തു, സഭയിലുണ്ട്… പക്ഷെ നമ്മുടെ ചിന്തയിലും പ്രവൃത്തിയിലും സുവിശേഷത്തിന്റെ യാതൊരു സ്വാധീനവുമില്ല.
യേശു താക്കീത് നൽകുന്നു:
“‘കർത്താവേ, കർത്താവേ’ എന്ന് വിളിക്കുന്നവനല്ല, എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക.” (മത്തായി 7:21)
ഇത് സഭാപ്രവർത്തനങ്ങൾക്കോ കൂദാശകൾക്കോ എതിരല്ല. കൂദാശകൾ ദൈവകൃപ നമ്മിലേക്ക് ഒഴുകിയെത്തുന്ന ഉറവകളാണ്.
പക്ഷെ ആ കൃപ ഫലം പുറപ്പെടുവിക്കേണ്ടതുണ്ട്.
* വിശുദ്ധ കുർബാന നമ്മുടെ സ്നേഹത്തെ കൂട്ടണം.
* കുമ്പസാരം ജീവിതത്തെ മാറ്റണം.
* പ്രാർത്ഥന ദൈവബന്ധം ആഴപ്പെടുത്തണം.
* ജ്ഞാനസ്നാനത്തിന്റെ മഹത്വം മറ്റുള്ളവരോടുള്ള പെരുമാറ്റത്തിൽ കാണണം.
ശരീരം കൊണ്ട് വിരുന്നിലുണ്ടാകുകയും ആത്മാവ് കൊണ്ട് ദൈവത്തിന് പുറത്തുനിൽക്കുകയും ചെയ്യാൻ നമുക്ക് സാധിക്കും. അതാണ് മംഗളവസ്ത്രം നൽകുന്ന മുന്നറിയിപ്പ്.
—
വിശുദ്ധ കുർബാന: സ്വർഗ്ഗീയ വിരുന്നിന്റെ മുന്നസ്വാദനം
ഈ ഉപമയ്ക്ക് മറ്റൊരു മനോഹരമായ തലമുണ്ട്.
വിവാഹവിരുന്ന് എന്നത് മരണശേഷമുള്ള കാര്യത്തിന് മാത്രമുള്ളതല്ല.
ഓരോ വിശുദ്ധ കുർബാനയിലും ആ സ്വർഗ്ഗീയ വിരുന്നിന്റെ രുചി നാം മുൻകൂട്ടി അനുഭവിക്കുകയാണ്.
വെളുത്ത ജ്ഞാനസ്നാന വസ്ത്രത്തെയും ക്രിസ്തുവിൽ ലഭിച്ച പുതിയ ജീവനെയും, ആ ജീവനെ പരിപോഷിപ്പിക്കുന്ന വിശുദ്ധ കുർബാനയെയും മതബോധന ഗ്രന്ഥം (CCC 1243-1244) ഒന്നിച്ചു ചേർക്കുന്നു.
ഓരോ വിശുദ്ധ കുർബാനയും ദൈവത്തിന്റെ വിളിയും നമ്മുടെ പ്രതികരണവുമാണ്.
അവിടുന്ന് ക്ഷണിക്കുന്നതുകൊണ്ട് നാം വരുന്നു.
അവിടുന്ന് തന്നെത്തന്നെ തരുന്നതുകൊണ്ട് നാം സ്വീകരിക്കുന്നു.
ആഘോഷിച്ചത് ജീവിതത്തിൽ ജീവിച്ചുകാണിക്കാൻ നാം തിരികെ ലോകത്തിലേക്ക് ഇറങ്ങുന്നു.
വിശുദ്ധ കുർബാന പൂർണ്ണ വിശുദ്ധി കൈവരിച്ചവർക്കുള്ള പുരസ്കാരമല്ല, മറിച്ച് ബലഹീനരായ നമ്മെ ദൈവകൃപയിൽ വളർത്തുന്ന ക്രിസ്തുവിന്റെ ദാനമാണ്; അതിനോടൊപ്പം ശരിയായ മനോഭാവത്തോടെ അവിടുത്തെ സമീപിക്കാൻ നമ്മെ വിളിക്കുകയും ചെയ്യുന്നു.
സ്വർഗ്ഗീയ വിരുന്നാണ് നമ്മുടെ ലക്ഷ്യസ്ഥാനം; വിശുദ്ധ കുർബാന ആ യാത്രയിൽ നമ്മെ പോഷിപ്പിക്കുന്നു.
—
ഉപസംഹാരം: ക്ഷണവും വിവാഹവസ്ത്രവും
പ്രിയ സഹോദരീ സഹോദരന്മാരെ,
ഇന്നത്തെ സുവിശേഷം മനോഹരമായ ഒരു വാഗ്ദാനവും അതോടൊപ്പം ഗൗരവമുള്ളൊരു മുന്നറിയിപ്പും തരുന്നുണ്ട്.
ദൈവരാജ്യം എല്ലാവർക്കുമായി തുറന്നിട്ടിരിക്കുന്നു എന്നതാണ് വാഗ്ദാനം. അവിടുത്തെ വിളിയെ നിസ്സാരമായി കാണരുത് എന്നതാണ് മുന്നറിയിപ്പ്.
ചിലർ വരാൻ വിസമ്മതിച്ചു, മറ്റൊരാൾ യോഗ്യമായ വസ്ത്രമില്ലാതെ വന്നു. ഇവ രണ്ടും നമ്മുടെയും ആത്മീയ കഥയായി മാറാം.
ഒരുപക്ഷേ ദൈവത്തിലേക്ക് തിരിയാൻ കഴിയാത്തത്ര തിരക്കിലായിരിക്കാം നാം. അല്ലെങ്കിൽ പുറമെ ക്രിസ്ത്യാനിയായി ജീവിക്കുമ്പോഴും ഉള്ളിൽ മാറാൻ തയ്യാറാകാത്തവരാകാം.
എന്നാൽ സുവിശേഷം നമുക്ക് പ്രത്യാശ തരുന്നുണ്ട്. ദൈവം ഇന്നും നമ്മെ വിളിക്കുന്നു. പശ്ചാത്താപത്തിലൂടെയും കൂദാശകളിലൂടെയും അനുദിനം മാറാൻ അവിടുന്ന് നമ്മെ സഹായിക്കും.
യേശു ഉപമ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:
> “വിളിക്കപ്പെട്ടവർ വളരെ, തെരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.” (മത്തായി 22:14)
എത്രപേർ രക്ഷപ്പെടും എന്നറിയാനുള്ള ചോദ്യമല്ല ഇത്, മറിച്ച് ‘ഞാൻ എങ്ങനെയാണ് പ്രതികരിക്കുന്നത്’ എന്ന് സ്വയം ചോദിക്കാനുള്ള ആഹ്വാനമാണ്.
അതുകൊണ്ട് ഇന്ന് നമുക്ക് സ്വയം ചോദിക്കാം:
* ദൈവത്തിന്റെ വിളിക്ക് എന്റെ ജീവിതത്തിൽ ഞാൻ അർഹിക്കുന്ന പ്രാധാന്യം നൽകുന്നുണ്ടോ?
* അവിടുത്തെ കൃപയാൽ എന്റെ ജീവിതം മാറുംവിധം ഞാൻ ദൈവത്തിന് വഴങ്ങി കൊടുക്കുന്നുണ്ടോ?
രാജാവ് വിരുന്നൊരുക്കിക്കഴിഞ്ഞു, ക്രിസ്തു വഴി തുറന്നിരിക്കുന്നു, ജ്ഞാനസ്നാനത്തിലൂടെ നാം അവിടുത്തെ അണിഞ്ഞിരിക്കുന്നു.
ഈ വിളിയെ ഒരിക്കലും നിസ്സാരമായി കാണാതിരിക്കാം. വിശ്വാസത്തിലും സ്നേഹത്തിലും മനഃപരിവർത്തനത്തിലും ജീവിച്ച്, ഒരുനാൾ അവിടുത്തെ നിത്യമായ സ്വർഗ്ഗീയ വിരുന്നിൽ പങ്കുചേരാൻ നമുക്ക് ഇടയാകട്ടെ.
ആമേൻ.


Leave a Reply