ജറുസലേമിൽ നിന്ന് എമ്മാവൂസിലേക്ക്… അവിടെനിന്ന് തിരികെയും
(നമ്മോടൊപ്പം നടക്കുന്ന കർത്താവ് നമ്മുടെ ഭയത്തെ ദൗത്യമാക്കി മാറ്റുന്നു)
ക്രിസ്തുവിൽ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരെ,
ജീവിതത്തിൽ ചിലപ്പോഴൊക്കെ നാം എല്ലാവരും എമ്മാവൂസിലേക്കൊരു യാത്ര ചെയ്യാറുണ്ട്. ജീവിതത്തിൽ വേദനകൾ കടന്നുവരുമ്പോൾ, പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുന്നില്ലെന്ന് തോന്നുമ്പോൾ, പ്രതീക്ഷകൾ തകരുമ്പോൾ, നാം സ്വാഭാവികമായും സുരക്ഷിതമായ ഒരു ഇടം അന്വേഷിക്കും. നമ്മെ വേദനിപ്പിച്ച കാര്യങ്ങളിൽ നിന്ന് അകന്നുമാറി സുരക്ഷിതത്വം തോന്നുന്ന ഇടങ്ങളിലേക്ക് നാം പോകും.
ഇന്നത്തെ സുവിശേഷത്തിൽ (ലൂക്കാ 24:13-35) നാം വായിക്കുന്നതും ഇതുതന്നെയാണ്. രണ്ട് ശിഷ്യന്മാർ ജറുസലേമിൽ നിന്ന് എമ്മാവൂസിലേക്ക് നടന്നുപോവുകയാണ്.
ഈ യാത്ര വെറുമൊരു ദൂരത്തിന്റെ കാര്യം മാത്രമല്ല; അത് അവരുടെ ഹൃദയത്തിന്റെ അവസ്ഥയെയാണ് കാണിക്കുന്നത്. ജറുസലേം വിശുദ്ധ നഗരമായിരുന്നു—ദേവാലയത്തിന്റെയും വാഗ്ദാനങ്ങളുടെയും കുരിശിന്റെയും ഇപ്പോൾ ഉയിർപ്പിന്റെയും ഇടം. എന്നാൽ ഈ ശിഷ്യന്മാരെ സംബന്ധിച്ചിടത്തോളം, ജറുസലേം ഭയത്തിന്റെയും വേദനയുടെയും തകർന്ന പ്രതീക്ഷകളുടെയും സ്ഥലമായി മാറിയിരുന്നു. കുരിശുമരണം അവരെ വല്ലാതെ ഉലച്ചുകളഞ്ഞു, ഈശോയിലുണ്ടായിരുന്ന അവരുടെ പ്രതീക്ഷകൾ നശിച്ചതായി അവർക്ക് തോന്നി.
അതുകൊണ്ട് അവർ അവിടുന്ന് പോവുകയാണ്. വലിയ മതപരമായ പ്രാധാന്യമൊന്നുമില്ലാത്ത എമ്മാവൂസ് എന്ന സ്ഥലത്തേക്കാണ് അവർ പോകുന്നത്. എങ്കിലും അവർക്കത് മാനുഷികമായ സുരക്ഷിതത്വത്തിന്റെയും വൈകാരികമായ ഒളിച്ചോട്ടത്തിന്റെയും ഒരിടമായി മാറുന്നു.
നമ്മുടെ സ്വന്തം എമ്മാവൂസുകൾ
നമ്മുടെ സ്വന്തം ജീവിതത്തിലും ഇത് എത്രയോ തവണ സംഭവിക്കുന്നു! നിരാശകൾക്കും പരാജയങ്ങൾക്കും അല്ലെങ്കിൽ സഹനത്തിനും ശേഷം ചിലപ്പോഴൊക്കെ നാമും നമ്മുടെ “ജറുസലേമിൽ” നിന്ന് അകന്നുപോകാറുണ്ട്. നാം പ്രാർത്ഥനയിൽ നിന്നും, കൂട്ടായ്മയിൽ നിന്നും, ശുശ്രൂഷകളിൽ നിന്നും, ചിലപ്പോൾ പ്രതീക്ഷകളിൽ നിന്നുപോലും അകന്നുപോകുന്നു. നാം നമ്മുടെതായ ഒരു എമ്മാവൂസ് അന്വേഷിക്കുന്നു—വൈകാരികമായ സുരക്ഷിതത്വം തോന്നുന്ന, വേദനകളെ ഒഴിവാക്കാൻ കഴിയുന്ന ഒരിടം (കംഫർട്ട് സോൺ).
നമ്മോടൊപ്പം നടക്കുന്ന കർത്താവ്
എന്നാൽ ഇന്നത്തെ സുവിശേഷത്തിന്റെ സൗന്ദര്യം ഇതാണ്: ഉയിർത്തെഴുന്നേറ്റ കർത്താവ് അവരോടൊപ്പം നടക്കുന്നു.
അവർ അവിടുത്തെ തിരിച്ചറിയുന്നതിന് മുമ്പ്, അവർ കാര്യങ്ങൾ മനസ്സിലാക്കുന്നതിന് മുമ്പ്, അവരുടെ വിശ്വാസം തിരിച്ചുകിട്ടുന്നതിന് മുമ്പ് തന്നെ, ഈശോ അവരുടെ കൂടെ നടക്കുന്നുണ്ടായിരുന്നു.
ഇതാണ് ഈസ്റ്റർ നൽകുന്ന വലിയ ആശ്വാസം: നാം തെറ്റായ ദിശയിലാണ് നടക്കുന്നതെങ്കിൽ പോലും കർത്താവ് നമ്മുടെ കൂടെ നടക്കുന്നുണ്ട്.
അവിടുന്ന് ആദ്യം അവരുടെ വേദനകൾ കേൾക്കുന്നു. അവരുടെ നിരാശകളും ആശയക്കുഴപ്പങ്ങളും തുറന്നുപറയാൻ അവിടുന്ന് അവരെ അനുവദിക്കുന്നു. തുടർന്ന്, പതുക്കെ, അവിടുന്ന് അവർക്ക് തിരുവെഴുത്തുകൾ വിശദീകരിച്ചു കൊടുക്കുകയും, സഹനം ഒന്നിന്റെയും അവസാനമല്ല, മറിച്ച് ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ ഭാഗമാണെന്ന് മനസ്സിലാക്കാൻ അവരെ സഹായിക്കുകയും ചെയ്തു.
ഇന്നും ഇതേ രീതിയിലാണ് കർത്താവ് നമ്മുടെ കൂടെ യാത്ര ചെയ്യുന്നത്. പ്രത്യേകിച്ച് ജീവിതത്തിൽ കാര്യങ്ങളൊന്നും മനസ്സിലാകാത്ത നിമിഷങ്ങളിൽ, തന്റെ തിരുവചനത്തിലൂടെ അവിടുന്ന് നമ്മോടൊപ്പം നടക്കുന്നു.
തിരിച്ചറിവിന്റെ നിമിഷം
അവിടെയാണ് ഒരു വഴിത്തിരിവ് ഉണ്ടാകുന്നത്. എമ്മാവൂസിൽ വെച്ച്, ഈശോ അപ്പം മുറിക്കുമ്പോൾ അവരുടെ കണ്ണുകൾ തുറക്കപ്പെടുന്നു. സുവിശേഷത്തിലെ ഏറ്റവും മനോഹരമായ ദിവ്യകാരുണ്യ നിമിഷങ്ങളിൽ ഒന്നാണിത്. ഓരോ വിശുദ്ധ കുർബാനയിലും ഇതേ കാര്യങ്ങൾ തന്നെയാണ് സംഭവിക്കുന്നത്: ആദ്യം കർത്താവ് തിരുവചനത്തിലൂടെ സംസാരിക്കുന്നു, തുടർന്ന് അപ്പം മുറിക്കലിലൂടെ അവിടുന്ന് തന്നെത്തന്നെ വെളിപ്പെടുത്തുന്നു.
ശിഷ്യന്മാർ സങ്കടത്തിൽ നിന്ന് തിരിച്ചറിവിലേക്ക് മാറുന്നു. അവിടുത്തെ തിരിച്ചറിഞ്ഞു കഴിഞ്ഞപ്പോൾ, അതിശയകരമായ ഒരു കാര്യം സംഭവിച്ചു. അവർ ഉടനെ തന്നെ ജറുസലേമിലേക്ക് മടങ്ങിപ്പോകുന്നു. ഭയത്താൽ അവർ ഉപേക്ഷിച്ചുപോയ അതേ നഗരം ഇപ്പോൾ അവരുടെ ദൗത്യത്തിന്റെ സ്ഥലമായി മാറുന്നു.
ഭയത്തിൽ നിന്ന് ദൗത്യത്തിലേക്ക്
ഈസ്റ്ററിന്റെ യഥാർത്ഥ അത്ഭുതം ഇതാണ്: ഈശോ ഉയിർത്തെഴുന്നേറ്റു എന്നത് മാത്രമല്ല, ഉയിർത്തെഴുന്നേറ്റ കർത്താവ് ഭയപ്പെട്ടിരിക്കുന്ന ഹൃദയങ്ങളെ ധീരരായ സാക്ഷികളാക്കി മാറ്റുന്നു എന്നതും കൂടിയാണ്.
ഒന്നാം വായനയിലും നാം കാണുന്നത് ഇത് തന്നെയാണ്. ഒരുകാലത്ത് ഭയന്ന് ഒളിച്ചിരുന്ന പത്രോസും അപ്പസ്തോലന്മാരും ഇപ്പോൾ ജനങ്ങളുടെ മുമ്പിൽ ധൈര്യപൂർവ്വം നിന്ന് ക്രിസ്തുവിനെ പ്രഘോഷിക്കുന്നു. അവരെ മാറ്റിയത് എന്താണ്? ഉയിർത്തെഴുന്നേറ്റ കർത്താവ്. എമ്മാവൂസിലേക്കു പോയ ശിഷ്യന്മാർക്കും ഇതേ മാറ്റമാണ് സംഭവിച്ചത്. ഇതേ മാറ്റം നമ്മിലും സംഭവിക്കണം.
അതുകൊണ്ട് ഇന്ന് നമുക്ക് നമ്മോടുതന്നെ ചോദിക്കാം:
എന്താണ് എന്റെ എമ്മാവൂസ്?
ദൈവത്തിൽ ആശ്രയിക്കുന്നതിനു പകരം, മാനുഷികമായ സുരക്ഷിതത്വം തേടി ഞാൻ എവിടേക്കാണ് ഓടുന്നത്?
കർത്താവ് ഇന്നും നമ്മോടൊപ്പം നടക്കുന്നുണ്ട്. തന്റെ വചനത്തിലൂടെ അവിടുന്ന് ഇന്നും സംസാരിക്കുന്നു. വിശുദ്ധ കുർബാനയിൽ അവിടുന്ന് ഇപ്പോഴും തന്നെത്തന്നെ വെളിപ്പെടുത്തുന്നു. ഒളിച്ചോട്ടങ്ങളിൽ നിന്ന് നമ്മുടെ യഥാർത്ഥ ദൗത്യത്തിലേക്ക് അവിടുന്ന് ഇപ്പോഴും നമ്മെ നയിച്ചുകൊണ്ടിരിക്കുന്നു.
എമ്മാവൂസിലേക്കുള്ള നമ്മുടെ യാത്രകളിൽ നിന്ന് തിരികെ വരാനും, വിശ്വാസത്തിന്റെയും സാക്ഷ്യത്തിന്റെയും പ്രത്യാശയുടെയും ഇടമായ ജറുസലേമിലെ ധൈര്യം വീണ്ടെടുക്കാനും ഈ ഈസ്റ്റർ കാലം നമ്മെ സഹായിക്കട്ടെ.
ആമ്മേൻ.


Leave a Reply